മത്സ്യബന്ധന മേഖലയ്ക്ക് 321.31 കോടി; വനത്തിന് 26 കോടി
Friday, February 3, 2023 11:16 AM IST
തിരുവനന്തപുരം: ബജറ്റില്‍ മത്സ്യബന്ധന മേഖലയ്ക്ക് 321.31 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മത്സ്യബന്ധന ബോട്ടുകളുടെ എന്ജിന് മാറ്റാനായി ആദ്യ ഘട്ടം എട്ടുകോടി നല്‍കും.
കടലില്‍ നിന്നും പ്ലാസ്റ്റിക് നീക്കാന്‍ ശുചിത്വ സാഗരത്തിനായി അഞ്ചു കോടി ബജറ്റില്‍ വകയിരുത്തി. സീഫുഡ് മേഖലയില്‍ നോര്‍വേ മോഡലില്‍ പദ്ധതികള്‍ക്കായി 20 കോടിയും അനുവദിച്ചു. ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനായി ഒരുകോടി രൂപയും നീക്കിവച്ചു.
വന സംരക്ഷണ പദ്ധതികള്‍ക്കായി 26 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. കൂടാതെ ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടി, തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനായി ആറുകോടി, കോട്ടുകാല്‍ ആന പുനരധിവാസ കേന്ദ്രത്തിനായി ഒരുകോടിയും അനുവദിച്ചിട്ടുണ്ട്. 16 വന്യ ജീവി സംരക്ഷണ കേന്ദ്രത്തിനായി 17 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിച്ചിട്ടുള്ളത്.
മൃഗ ചികിത്സാ സേവനങ്ങള്‍ക്കായി 41 കോടിയും മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യയ്ക്കായി 13.5 കോടിയും അനുവദിച്ചിട്ടുണ്ട്. പുതിയ ഡയറി പാര്‍ക്കിനായി രണ്ടുകോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.