വിഴിഞ്ഞം തുറമുഖത്തെ വൻകിട തുറമുഖ നഗരമാക്കും; 60,000കോടിയുടെ വികസന പദ്ധതി
Friday, February 3, 2023 10:32 AM IST
തിരുവനന്തപുരം: വിഴിഞ്ഞത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിലെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിൽ വൻ വികസന പദ്ധതികൾ തുടങ്ങുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ലോകത്തിലെ ഏറ്റവും വലിയ ട്രാൻസിഷിപ്പ്മെന്റ് കണ്ടെയ്നർ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം തുറമുഖത്തെ മാറ്റും. ഇന്ത്യക്കും സമീപ രാജ്യങ്ങൾക്കും ചരക്കുകൾ കൈമാറുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട തുറമുഖമാണ് വിഴിഞ്ഞം.
വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുപാടുമുള്ള മേഖലയിൽ വിപുലമായ വാണിജ്യവ്യവസായ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞം തേക്കട വഴി ദേശീയപാത 66ലെ നവായിക്കുളം വരെ 63 കിലോമീറ്റർ റിംഗ് റോഡ് നിർമിക്കും. ഒപ്പം തേക്കട മുതൽ മംഗലപുരം വരെ 12 കിലോമീറ്റർ ഉൾക്കൊള്ളുന്ന റിംഗ് റോഡ് നിർമിക്കും.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായിക ഇടനാഴിയായി മാറ്റിയെടുക്കും. ഇതിനു ചുറ്റുമായി വ്യവസായിക വാണിജ്യ കേന്ദ്രങ്ങളും വിപുലമായ താമസ സൗകര്യങ്ങളുമുൾപ്പെടെയുള്ള ടൗൺഷിപ്പുകളുടെ ശൃംഖല രൂപീകരിക്കും.
5000 കോടി ചിലവുവരുന്ന വ്യവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തി.
വ്യവസായിക കേന്ദ്രങ്ങളുടെ ഇരുവശങ്ങളിലും അതിവസിക്കുന്ന ജനങ്ങളെ കൂടി പങ്കാളികളാക്കി വ്യവസായ പാർക്കുകൾ, ലോജിസ്റ്റിക്ക് സെന്ററുകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവ വികസിപ്പിക്കും.
ലാൻഡ് പൂളിംഗ് സംവിധാനങ്ങളും പിപിപി വികസനമാർഗങ്ങളും ഉൾപ്പെടുത്തി 60000കോടി രൂപയുടെ വികസനങ്ങൾ ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.