പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഹരിവസ്തുക്കളും സ്വർണവും പിടികൂടി
Thursday, February 2, 2023 2:16 AM IST
ഒലവക്കോട്: രേഖകളില്ലാതെ കടത്തിയിരുന്ന 50 ലക്ഷത്തിലധികം വിലമതിക്കുന്ന വിദേശ നിർമിത സിഗരറ്റുകൾ, ഇ-സിഗരറ്റുകൾ, ഗോൾഡ് കോയിൻ എന്നിവ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്നു പാലക്കാട് ആർപിഎഫും ക്രൈം ഇന്റലിജൻസ് വിഭാഗവും ചേർന്ന് പിടികൂടി. സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു.
ചെന്നൈയിൽ നിന്നു കാസർഗോട്ടേക്കു പോകുന്ന ട്രെയിനിൽ ബുധനാഴ്ച രാവിലെ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. കാസർഗോഡ് സ്വദേശികളാണു പിടിയിലായവർ. ഗൾഫിൽനിന്നു വിമാനമാർഗം ചെന്നൈയിലെത്തി അവിടെനിന്നു ട്രെയിൻ മാർഗം കാസർഗോട്ടേക്കു പോകുന്ന വഴിയാണ് പാലക്കാട്ട് ഇവർ പിടിയിലായത്. 6,990 കാർട്ടണ്‍ സിഗരറ്റ്, 774 ഇ-സിഗരറ്റ് , 25 ഐഫോണ്‍, 30ഗ്രാം തൂക്കമുള്ള രണ്ടു ഗോൾഡ് കോയിൻ എന്നിവയാണ് പിടിച്ചെടുത്തവയിൽ ഉള്ളത്.
കാസർകോട് സ്വദേശികളായ ഹസനാർ അബ്ദുൽ റഹ്മാൻ (54), സാബിർ (35), ജാഫർ (36), നജുമുദ്ദീൻ (34), അബ്ദുൽ റഹ്മാൻ (41), അലാവുദ്ദീൻ (38) എന്നിവരാണു പിടിയിലായത്. പിടിച്ചെടുത്ത ഉത്പന്നങ്ങൾ കസ്റ്റംസ് അധികൃതർക്ക് കൈമാറി.