20,000 കോടി രൂപയുടെ ഓഹരി വിൽപ്പന റദ്ദാക്കി അദാനി ഗ്രൂപ്പ്
Wednesday, February 1, 2023 11:38 PM IST
മുംബൈ: 20,000 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിട്ട് നടത്തിയ ഫോളോ ഓൺ പബ്ലിക് ഓഫർ(എഫ്പിഒ) റദ്ദാക്കി അദാനി ഗ്രൂപ്പ്. വിപണയിലെ ചാഞ്ചാട്ടവും ഓഹരി ഇടപാടിലെ നഷ്ടവും കണക്കിലെടുത്താണ് അനുബന്ധ ഓഹരി വിൽപ്പന റദ്ദാക്കിയതെന്ന് കമ്പനി അറിയിച്ചു.
3,112 രൂപയ്ക്കും 3,276 രൂപയ്ക്കുമിടയിൽ പ്രൈസ് ബാൻഡ് നിശ്ചയിച്ച പ്രീമിയം ഇക്വിറ്റി ഓഹരികളുടെ വിൽപ്പന നടപടിയാണ് കമ്പനി റദ്ദാക്കിയത്. ഹിൻഡൻബെർഗ് റിപ്പോർട്ട് തുറന്നുവിട്ട വിവാദങ്ങൾക്കിടയിലും ഓഫർ പൂർണ സബ്സ്ക്രിപ്ഷൻ നേടിയിരുന്നു.
വിപണിയിലെ വ്യാപകമായ അസ്ഥിരത കണക്കിലെടുത്ത്, നിക്ഷേപകർക്ക് നഷ്ടം ഉണ്ടാവാതിരിക്കാനാണ് ഓഹരി വിൽപ്പന റദ്ദാക്കുന്നതെന്നും എഫ്പിഒയ്ക്കായി മുടക്കിയ പണം നിക്ഷേപകർക്ക് കൃത്യമായി തിരിച്ചുനൽകുമെന്നും കമ്പനി തലവൻ ഗൗതം അദാനി വ്യക്തമാക്കി.