അദാനിയുടെ തകർച്ചയ്ക്കു കാരണം വിഴിഞ്ഞം പദ്ധതി: സുബ്രഹ്മണ്യൻ സ്വാമി
Wednesday, February 1, 2023 11:14 PM IST
ന്യൂഡൽഹി: വ്യവസായി ഗൗതം അദാനിയുടെ തകർച്ചയ്ക്കു കാരണം വിഴിഞ്ഞം തുറമുഖ നിർമാണത്തിന് രാമസേതു മുറിക്കുന്നതിലുള്ള രാമകോപമാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. രാമ സേതുവിനെ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മടിക്കുന്നത് ഇതുകൊണ്ടാണെന്നും സ്വാമി ആരോപിച്ചു. ട്വിറ്ററിലായിരുന്നു അറിയപ്പെടുന്ന മോദി വിരുദ്ധനായ ബിജെപി നേതാവിന്റെ പ്രതികരണം.
വിഴിഞ്ഞം തുറമുഖത്തിലൂടെ രാമസേതു മുറിച്ച് തെക്കുകിഴക്കൻ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന കപ്പൽ ഗതാഗതത്തിനായി അദാനി പദ്ധതിയിട്ടിരുന്നു. അതുകൊണ്ടാണ് രാമസേതുവിനെ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാൻ മോദി വിസമ്മതിച്ചത്. ശ്രീരാമൻ ഇപ്പോൾ തന്റെ അഗ്നികോപം വെളിപ്പെടുത്തിയിരിക്കുന്നു. അദാനിക്കൊപ്പം ഇനി മറ്റാരാണ് തകരുന്നതെന്ന് ഊഹിക്കുക- ട്വീറ്റിന് നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു.