കൊല്ലപ്പെട്ട ഒഡീഷ മന്ത്രിയുടെ ഗാർഡിന് സസ്പെൻഷൻ
Wednesday, February 1, 2023 6:33 PM IST
ഭുവനേശ്വർ: എഎസ്ഐയുടെ വെടിയേറ്റ് മരിച്ച ഒഡീഷ മുൻ ആരോഗ്യ മന്ത്രി നബ കിഷോർ ദാസിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മിത്രഭാനു ഡിയോ എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി.
കൃത്യവിലോപം ആരോപിച്ചാണ് അധികൃതർ ഇയാൾക്കെതിരെ നടപടി എടുത്തത്. ദാസിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഡിയോ, മന്ത്രിക്ക് നേരെ ആക്രമണം നടന്ന സമയത്ത് കൃത്യമായി പ്രതികരിച്ചില്ലെന്നും വിവിഐപി സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അധികൃതർ കണ്ടെത്തി.
മന്ത്രിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പ്രദ്യുമ്ന കുമാർ സ്വെയ്ൻ, ശശിഭൂഷൺ പോഡ എന്നീ ഉദ്യോഗസ്ഥരെ സർക്കാർ നേരത്തെ ട്രാൻസ്ഫർ ചെയ്തിരുന്നു. മന്ത്രിയെ കൊലപ്പെടുത്തിയ എഎസ്ഐ ഗോപാൽ ദാസിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.