ഓസ്ട്രേലിയയിൽ കാണാതായ ആണവ വികിരണ ക്യാപ്സ്യൂൾ കണ്ടെത്തി
Wednesday, February 1, 2023 5:33 PM IST
പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിൽ കാണാതായ ആണവ വികിരണ ശേഷിയുള്ള ക്യാപ്സ്യൂൾ കണ്ടെത്തി. ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ റേഡിയോ ആക്ടീവ് ക്യാപ്സ്യൂൾ ആണ് കണ്ടെത്തിയത്. ഏകദേശം ഒരാഴ്ച നീണ്ട തെരച്ചിലിന് ശേഷം, ന്യൂമാന്‍ പുറത്ത് റോഡ് അരികിൽനിന്നാണ് ക്യാപ്സ്യൂൾ കണ്ടെത്തിയതെന്ന് അധികൃതർ ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആണവ വികിരണ വസ്തുക്കൾ കണ്ടെത്താനുള്ള ഡിറ്റക്ടറുകൾ ഉൾപ്പെടെ സന്നാഹങ്ങൾ ഉപയോഗിച്ചായിരുന്നു തെരച്ചിൽ. ആണവ വികിരണം തിരിച്ചറിയാൻ കഴിയുന്ന ഉപകരണം ഘടിപ്പിച്ച വാഹനം ക്യാപ്സ്യൂൾ തിരിച്ചറിയുകയായരിരുന്നു.
ന്യൂമാനിലെ റയോ ടിന്റോ ഇരുമ്പ് ഖനിയിൽ നിന്ന് 1400 കിലോമീറ്റർ അകലെ പെർത്ത് നഗരത്തിലെ സ്റ്റോറിലേക്കു കൊണ്ടുപോയ ഗുളികവലുപ്പത്തിലുള്ള ഉപകരണമാണ് കളഞ്ഞുപോയത്. അയിരിൽ ഇരുമ്പിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഗെയ്ജ്, യാത്രയ്ക്കിടെ ട്രക്കിൽ നിന്നു തെറിച്ചുപോയതായാണ് കരുതുന്നത്. ഓസ്ട്രേലിയൻ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജൻസികൾ തുടങ്ങിയവർ തിരച്ചിലിൽ പങ്കാളികളായി.
ആണവായുധത്തിന്റെ സ്വഭാവം ഇതിനില്ലെങ്കിലും കൈയിലെടുക്കുകയോ സമീപത്ത് ഏറെനേരം കഴിയുകയോ ചെയ്യുന്നവർക്ക് ത്വക്രോഗവും ദഹന, പ്രതിരോധ വ്യവസ്ഥകളിൽ പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ദീർഘകാലം സമ്പർക്കം തുടർന്നാൽ കാൻസറിനു കാരണമാകാം. ഇതിൽ നിന്നുള്ള വികിരണശേഷി 24 മണിക്കൂറിനുള്ളിൽ 10 എക്സ്റേയ്ക്കു തുല്യമാണ്.