കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം: പരിക്കേറ്റയാള്‍ മരിച്ചു
Tuesday, January 31, 2023 12:57 PM IST
തൃശൂര്‍: കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ തൊഴിലാളി മരിച്ചു. കാവശ്ശേരി സ്വദേശി മണികണ്ഠന് ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് വടക്കാഞ്ചേരി സ്വദേശി ശ്രീനിവാസന് എന്നയാളുടെ ലൈസന്‍സിലുള്ള വെടിപ്പുരയിൽ സ്ഫോടനമുണ്ടായത്. പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ മണികണ്ഠന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന മറ്റ് നാല് തൊഴിലാളികള്‍ കുളിക്കാനായി പോയതിനാല്‍ അപകടത്തില്‍നിന്ന് രക്ഷപെട്ടു.
പൊട്ടിത്തെറിയില്‍ സമീപത്തെ വീടുകളുടെ ജനല്‍ചില്ലുകളും വാതിലുകളും തകര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഡപ്യൂട്ടി കളക്ടര്‍ യമുനാ ദേവിക്കാണ് അന്വേഷണ ചുമതല. അപകടമുണ്ടായ സ്ഥലത്ത് അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചിരുന്നോ എന്ന് പരിശോധിക്കും.