തട്ടിപ്പിനെ ദേശീയത കൊണ്ട് മറയ്ക്കാനാകില്ല; അദാനിക്ക് വീണ്ടും മറുപടിയുമായി ഹിന്‍ഡന്‍ബെര്‍ഗ്
Monday, January 30, 2023 3:59 PM IST
ന്യൂഡല്‍ഹി: അദാനിക്ക് ചുട്ട മറുപടിയുമായി വീണ്ടും ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് ഗ്രൂപ്പ്. ഞായറാഴ്ച അദാനി നല്കിയ 419 പേജുള്ള മറുപടിക്ക് പ്രതികരണവുമായാണ് ഹിഡന്‍ബെര്‍ഗ് ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയെ കൊള്ളയടിക്കുകയാണ് അദാനി ചെയ്യുന്നതെന്ന് റിസര്‍ച്ച് ഗ്രൂപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മറുപടിയില്‍ പറയുന്നു. ദേശീയതാ വാദം ഉയര്‍ത്തി തട്ടിപ്പ് മറച്ച് വയ്ക്കാനാകില്ല. ലോകത്തെ അതിസമ്പന്നരില്‍ ഒരാളാണ് ചെയ്യുന്നതെങ്കില്‍ പോലും തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്.
413 പേജുള്ള അദാനിയുടെ കുറിപ്പില്‍ മറുപടികളുള്ളത് ആകെ 30 പേജില്‍ മാത്രമാണ്. വസ്തുതാപരമായ ചോദ്യങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് അദാനി ഗ്രൂപ്പ് നടത്തുന്നത്. ഇന്ത്യയുടെ പരമാധികാരത്തിലേയ്ക്കുള്ള കടന്നുകയറ്റം എന്നൊക്കെ പറഞ്ഞ്, ദേശീയതാ വാദം ഉയര്‍ത്തി വസ്തുതാപരമായ ചോദ്യങ്ങളില്‍നിന്ന് വഴിതിരിച്ച് വിടാനാണ് ശ്രമം.
ഇന്ത്യയുടെ ജനാധിപത്യത്തെയും പരമാധികാരത്തെയും തങ്ങള്‍ മാനിക്കുന്നുണ്ട്. യത്ഥാര്‍ഥത്തില്‍ അദാനി ഗ്രൂപ്പാണ് ഇന്ത്യയെ കൊള്ളയടിക്കുന്നതെന്നും രാജ്യത്തിന്റെ പുരോഗതിക്ക് തടയിടുന്നതെന്നും ഹിൻഡന്‍ബെര്‍ഗ് വ്യക്തമാക്കി.
ഇന്ന് നടക്കുന്ന ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്(ഐപിഒ) ഓഹരിവില്‍പ്പനയില്‍ തിരിച്ചടി നേരിടാതിരിക്കാനായി, ഹിഡന്‍ബെര്‍ഗ് ആരോപണങ്ങള്‍ക്കുള്ള മറുപടി 413 പേജുള്ള റിപ്പോര്‍ട്ടായി അദാനി ഗ്രൂപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
എന്നാല്‍ ഇതിനെ പാടെ തള്ളിക്കൊണ്ടാണ് ഹിന്‍ഡന്‍ബെര്‍ഗ് ഗ്രൂപ്പിന്റെ പ്രതികരണം.