"ആരോപണങ്ങൾ വ്യാജം'; ഹിഡൻബെർഗിന് 413 പേജ് മറുപടിയുമായി അദാനി
Sunday, January 29, 2023 11:38 PM IST
മുംബൈ: കമ്പനിയുടെ ഓഹരിമൂല്യത്തിൽ കൃത്രിമം കാട്ടിയെന്ന ഹിഡൻബെർഗ് റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ്. നാളെ നടക്കാനിരിക്കുന്ന ഇനിഷ്യൽ പബ്ലിക് ഓഫറിംഗ്(ഐപിഒ) ഓഹരിവിൽപ്പനയിൽ തിരിച്ചടി നേരിടാതിരിക്കാനായി, ഹിഡൻബെർഗ് ആരോപണങ്ങൾക്കുള്ള മറുപടി 413 പേജുള്ള റിപ്പോർട്ടായി അദാനി ഗ്രൂപ്പ് പ്രസിദ്ധീകരിച്ചു.
ഹിഡൻബെർഗിന്റെ ആരോപണങ്ങൾ വ്യാജമാണെന്നും അമേരിക്കൻ കമ്പനിക്ക് ഇന്ത്യൻ വിപണിയിൽ പിടിമുറുക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് തങ്ങൾക്കെതിരായ റിപ്പോർട്ടെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
ഡേറ്റയെ വേണ്ടവിധം വളച്ചൊടിച്ച്, ആയിരക്കണക്കിന് നിക്ഷേപകരുടെ പണം നഷ്ടമാകുന്ന രീതിയിൽ ഷോർട്ട് സെല്ലിംഗ് നടത്താനുള്ള ശ്രമമാണ് ഹിഡൻബെർഗ് നടത്തുന്നത്. അവരുടെ റിപ്പോർട്ട് സ്വതന്ത്രമോ, വസ്തുനിഷ്ഠമോ അല്ലെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.
ഹിഡൻബെർഗ് ഉയർത്തിയ 88 ചോദ്യങ്ങളിൽ, കമ്പനിയുമായി നേരിട്ട് ബന്ധമുള്ള 65 എണ്ണത്തിന് അദാനി ഗ്രൂപ്പ് മറുപടി നൽകി. ബാക്കി 23 ചോദ്യങ്ങളിൽ 18 എണ്ണം ഉപസ്ഥാപനങ്ങളുമായും നിക്ഷേപകരുടെ വ്യക്തിവിവരങ്ങളുമായും ബന്ധപ്പെട്ടതാണ്. ഹിഡൻബെർഗ് ഉയർത്തിയ അഞ്ച് ആരോപണങ്ങൾ/ ചോദ്യങ്ങൾ തീർത്തും വ്യാജമാണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.