സഡൻ ഡെത്തിൽ ജർമനി; മൂന്നാം ലോക കിരീടം
Sunday, January 29, 2023 9:31 PM IST
ഭുവനേശ്വർ: ഹോക്കി ലോകകപ്പിൽ മൂന്നാം വട്ടം മുത്തമിട്ട് ജർമനി. കലിംഗ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഷൂട്ട്ഔട്ടിനും സഡൻ ഡെത്തിനുമൊടുവിൽ ബെൽജിയത്തെ 5 -4 എന്ന സ്കോറിന് തകർത്താണ് ജർമനി കിരീടമുയർത്തിയത്.
2-0 എന്ന നിലയിൽ പിന്നിൽ നിന്ന ജർമനി, നിശ്ചിത സമയം അവസാനിക്കവേ മത്സരം 3 -3 എന്ന സ്കോർ ലൈനിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ ഷൂട്ട്ഔട്ടിലും 3 -3 എന്ന സ്കോർ പാലിച്ചു. സഡൻ ഡെത്തിലെ ആദ്യ ഷോട്ട് ഇരു ടീമുകളും വലയിലെത്തിച്ചു.
സഡൻ ഡെത്തിലെ രണ്ടാം ഷോട്ട് ഗോളാക്കി പ്രിൻസ് ജർമനിക്ക് 5 -4 എന്ന നിലയിൽ ലീഡ് സമ്മാനിച്ചു. ഡു ഓർ ഡൈ ഷോട്ടെടുത്ത കോസിൻസിന്റെ ഫ്ലിക് ജർമൻ ഗോളി തടുത്തിട്ടതോടെ ബെൽജിയത്തിന് മോഹഭംഗം.
കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ബെൽജിയത്തിന് സങ്കടത്തോടെ മടങ്ങേണ്ടി വന്നപ്പോൾ 2006-ന് ശേഷം ആദ്യമായി ജർമനി കപ്പിൽ മുത്തമിട്ടു.