ജർമനിയിൽ ട്രെയിനിൽ കത്തിയാക്രമണം; രണ്ട് പേർ മരിച്ചു
Thursday, January 26, 2023 1:32 AM IST
ബെർലിൻ: ജർമനിയിലെ ഹാംബർഗ് നഗരത്തിന് സമീപം ഓടുന്ന ട്രെയിനിനുള്ളിൽ നടന്ന കത്തിയാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു.
ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. കീലിൽ നിന്ന് ഹാംബർഗിലേക്ക് സർവീസ് നടത്തുകയായിരുന്ന ട്രെയിനിലാണ് അക്രമി കൃത്യം നിർവഹിച്ചത്. 70-ഓളം യാത്രികരുണ്ടായിരുന്ന ട്രെയിനിനുള്ളിൽ വച്ച് യാതൊരു പ്രകോപനവുമില്ലാതെ യുവാവ് കത്തിയാക്രമണം നടത്തുകയായിരുന്നു.
അക്രമാസക്തനായ യുവാവിനെ യാത്രികർ ചേർന്ന് കീഴ്പ്പെടുത്തി ബ്രോക്സ്റ്റെഡ് റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസിന് കൈമാറി. യാത്രികർ നൽകിയ വിവരമനുസരരിച്ച് സ്റ്റേഷനിൽ കാത്തുനിന്ന രക്ഷാപ്രവർത്തകർ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
അക്രമിയുടെ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും പ്രാദേശിക ഭരണകൂടം നൽകിയ സൂചന അനുസരിച്ച് അക്രമണം നടത്തിയ വ്യക്തി പാലസ്തീനിൽ നിന്നുള്ള അഭയാർഥിയാണ്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.