ബിബിസി ഡോക്യുമെന്ററി പ്രദർശനം; തലസ്ഥാനത്ത് പ്രതിഷേധം, സംഘർഷം
Tuesday, January 24, 2023 7:24 PM IST
തിരുവനന്തപുരം: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന "ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്ന വേദികൾക്ക് സമീപം സംഘർഷം. ഡോക്യുമെന്ററി പ്രദർശനം തടസപ്പെടുത്താൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു.
നഗരമധ്യത്തിൽ മാനവീയം വീഥിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഡോക്യുമെന്ററി പ്രദർശനം തടയാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകർ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ഉന്തും തള്ളും ഉണ്ടായതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പൂജപ്പുര തിരുമല റോഡിൽ ഡിവൈഎഫ്ഐ നടത്തുന്ന ഡോക്യുമെന്ററി പ്രദർശനം തുടരുകയാണ്. ഇത് തടയാൻ ശ്രമിച്ച യുവമോർച്ച - ബിജെപി പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.