സീറ്റ് ബെൽറ്റിടാതെ യാത്ര: ഋഷി സുനക്കിന് 100 പൗണ്ട് പിഴ ചുമത്തി പോലീസ്
Saturday, January 21, 2023 6:32 AM IST
ബ്രിട്ടൻ: സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ സഞ്ചരിച്ചതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് പിഴ ശിക്ഷ ചുമത്തി ലങ്കാഷെയർ പോലീസ്. ലങ്കാഷെയറിലേക്കുള്ള യാത്രയ്ക്കിടെ ബ്രിട്ടനിലെ ലെവെലിംഗ് അപ് ഫണ്ടിനെ കുറിച്ചുള്ള വീഡിയോ റിക്കാർഡ് ചെയ്യുന്നതിനിടയിലാണ് സുനക് സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നത്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ ശേഷമാണ് നിശ്ചിത തുക പിഴയായി ചുമത്തിയതെന്ന് ലങ്കാഷെയർ പോലീസ് അറിയിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നത് തെറ്റായിരുന്നുവെന്ന് പൂർണമായും അംഗീകരിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതികരിച്ചു. സംഭവത്തിൽ ക്ഷമാപണം നടത്തിയ സുനക്, പിഴ അടയ്ക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
ബ്രിട്ടണില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 100 പൗണ്ടാണ് (പതിനായിരത്തിലധികം ഇന്ത്യന്‍ രൂപ) പിഴയായി ചുമത്തുന്നത്. കേസ് കോടതിയില്‍ പോയാല്‍ ഇത് 500 പൗണ്ടായി ഉയരും. നിയമലംഘനത്തിനുള്ള പിഴ 28 ദിവസത്തിനുള്ള അടയ്ക്കണം. അല്ലെങ്കിൽ പിഴ ചുമത്തിയതിനെതിരെ കോടതിയെ സമീപിക്കാം.
അതേസമയം, ഇത് രണ്ടാം തവണയാണ് ഋഷി സുനകിന് പിഴ ചുമത്തപ്പെടുന്നത്. 2020 ജൂലൈയിൽ കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന സമയത്ത് വീട്ടിൽ ജന്മദിന പാർട്ടി നടത്തിയതിന് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസണിനൊപ്പം ചാൻസലറായിരുന്ന ഋഷി സുനക്കിനും പോലീസ് പിഴ ചുമത്തിയിരുന്നു.
ജന്മദിന പാർട്ടികളെപ്പറ്റി അന്വേഷണം നടത്തിയ മെട്രോപൊളിറ്റൻ പോലീസ് 2022 ഏപ്രിലിലാണ് പിഴ ചുമത്തിയത്. ബോറിസ് ജോൺസന്റെ ഭാര്യ കാരി ജോൺസൻ അടക്കം അമ്പതിലേറെ അന്ന് പോലീസ് പിഴ ചുമത്തിയിരുന്നു.