കെ.വി.തോമസ് ശമ്പളം വാങ്ങിയാല്‍ പുച്ഛം; അതൃപ്തി പരസ്യമാക്കി എല്‍ജെഡി
Friday, January 20, 2023 10:29 AM IST
കോഴിക്കോട്: മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിന് സംസ്ഥാന സര്‍ക്കാര്‍ കാബിനറ്റ് റാങ്ക് പദവി നല്‍കിയതിലെ അതൃപ്തി പരസ്യമാക്കി എല്‍ജെഡി. ശമ്പളം വാങ്ങിയാണ് കെ.വി.തോമസ് ജോലി ചെയ്യുന്നതെങ്കില്‍ പുച്ഛം തോന്നുന്നെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വന്‍തുക പെന്ഷന് പറ്റുന്ന കെ.വി.തോമസ് ശമ്പളമില്ലാതെ ജോലി ചെയ്താല്‍ നിയമനത്തെ സ്വാഗതം ചെയ്യുന്നു. ശമ്പളം വാങ്ങുകയാണെങ്കില്‍ പുച്ഛമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കെ.വി.തോമസിനെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി എട്ട് മാസം പിന്നിടുമ്പോഴാണ് നിയമനം. ഒന്നരലക്ഷത്തോളം രൂപ ശമ്പളവും വീടും വാഹനവും പേഴ്സണല്‍ സ്റ്റാഫുകളുമുള്ള ക്യാബിനറ്റ് റാങ്ക് പദവിയിലാണ് ലഭിച്ചത്.
കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതോടെയാണ് തോമസും പാര്‍ട്ടിയുമായി ഇടഞ്ഞത്. പിന്നാലെ തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തതോടെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയായിരുന്നു.