മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടൽ; പതിനായിരം പേർക്ക് പണിപോകും
Wednesday, January 18, 2023 10:15 PM IST
വാഷിംഗ്ടൺ: അമേരിക്കൻ ടെക് ഭീമൻ മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടൽ. 2023 അവസാനത്തോടെ പതിനായിരം പേർക്ക് ജോലി നഷ്ടപ്പെടുമെന്ന് മൈക്രോസോഫ്റ്റ് കോർപ്പറേഷൻ അറിയിച്ചു.
ഹ്യൂമന്‍ റിസോഴ്സ്, എന്‍ജിനീയറിംഗ് വിഭാഗങ്ങളില്‍നിന്നുള്ള ജീവനക്കാരെയാകും പിരിച്ചുവിടല്‍ ബാധിക്കുക. മോശം സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നടപടി. മൈക്രോസോഫ്റ്റ് പേഴ്സണൽ കമ്പ്യൂട്ടർ വിപണിയിലെ മാന്ദ്യത്തെ നേരിടുകയാണ്. നിലവിൽ വിപണിയിൽ വിൻഡോസിനും അനുബന്ധ സോഫ്റ്റ്വെയറിനുമുള്ള ഡിമാൻഡ് കുറവാണ്.
ജീവനക്കാരുടെ പ്രയാസം ഉൾക്കൊള്ളുന്നതായി കമ്പനി സിഇഒ സത്യ നാദെല്ലെ പറഞ്ഞു. പിരിഞ്ഞുപോകുന്നവർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകും. അതത് രാജ്യങ്ങളിലെ നിയമങ്ങൾക്ക് അനുസൃതമാകും നടപടികളെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ജൂലൈയിലും ജീവനക്കാരെ പിരിച്ചുവിടൽ നടപടിയുണ്ടായതായും കമ്പനി വെളിപ്പെടുത്തി. വിവിധ മേഖലകളിലുള്ള 1,000 ജീവനക്കാരെയാണ് പറഞ്ഞുവിട്ടതെന്ന് ഒക്ടോബറിൽ വാർത്താ സൈറ്റ് ആക്സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു.
ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 2,21,000 മുഴുവന്‍ സമയ ജീവനക്കാരാണ് മൈക്രോ സോഫ്റ്റിനുള്ളത്. ഇതില്‍ 1,22,000 പേര് യുഎസിലാണുള്ളത്, 99,000 പേര് മറ്റു രാജ്യങ്ങളിലും.