പാലാ മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പ്: ജോസ് കെ. മാണി കണ്ണുരുട്ടി; സിപിഎം കീഴടങ്ങി
Tuesday, January 17, 2023 4:56 PM IST
കോട്ടയം: കേരള കോണ്‍ഗ്രസ്- എമ്മിന്റെയും ചെയർമാൻ ജോസ് കെ. മാണിയുടെയും നിർദേശത്തിനു മുന്നിൽ സിപിഎം മുട്ടുമടക്കിയതോടെ പാലാ നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏക കൗണ്‍സിലർ ബിനു പുളിക്കകണ്ടത്തിന്റെ സാധ്യത മങ്ങി.
ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ സാന്നിധ്യത്തിൽ ചേർന്ന ഏരിയാ കമ്മറ്റി യോഗത്തിലാണ് ബിനു പുളിക്കകണ്ടം ചെയർമാൻ ആകേണ്ടന്ന തീരുമാനത്തിൽ സിപിഎം എത്തിച്ചേർന്നത്.
നിലവിലെ സിപിഎം പ്രതിനിധിയായ വൈസ് ചെയർപേഴ്സണ്‍ സിജി പ്രസാദും ചെയർമാനാകേണ്ടന്നും സിപിഎം സ്വതന്ത്രന്മാരായി മത്സരിച്ചു ജയിച്ച മറ്റു നാലു കൗണ്‍സിലർമാരെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ നേതൃത്വത്തിന്റെ തീരുമാനം വന്നതിനു ശേഷം 18ന് ചേരുന്ന ഏരിയാ നേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. സിഐടിയു അഖിലേന്ത്യ സമ്മേളനത്തിൽ പങ്കെടുക്കാൻ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ ബംഗളൂരുവിലേക്ക് പോയതിനാൽ 18ന് ചെയർമാൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ള ചുമതല ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എം. രാധാകൃഷ്ണനെ നേതൃത്വം ചുമതലപ്പെടുത്തി.