ഫുകുഷിമ ആണവനിലയത്തിലെ മലിന ജലം കടലിൽ ഒഴുക്കാൻ ജപ്പാൻ
Saturday, January 14, 2023 5:55 AM IST
ടോക്കിയോ: ഫുകുഷിമ ആണവ നിലയത്തിൽനിന്നുള്ള ദശലക്ഷം ടൺ ഘനജലം കടലിലൊഴുക്കാൻ ജപ്പാൻ. ഈ വർഷം വസന്തകാലത്തോ വേനൽക്കാലത്തോ ആയിരിക്കും പുറന്തള്ളൽ. ഇന്റർനാഷനൽ അറ്റോമിക് എനർജി ഏജൻസിയുടെ സമഗ്ര റിപ്പോർട്ടിനായി സർക്കാർ കാത്തിരിക്കുകയാണെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകസു മറ്റ്സുനോ പറഞ്ഞു.
2011ൽ സുനാമിയെയും ഭൂകന്പത്തെയും തുടർന്ന് ആണവ റിയാക്ടറിൽ കേടുപാടുകൾ സംഭവിച്ചപ്പോൾ ടാങ്കുകളിൽ സൂക്ഷിച്ചിരുന്ന ജലമാണു കടലിലേക്ക് ഒഴുക്കിക്കളയുന്നത്. 1.25 ദശലക്ഷം ടൺ ജലമാണ് ആണവനിലയത്തിൽ സംഭരിക്കപ്പെട്ടത്. ഇത് ശുദ്ധീകരിച്ച് ആണവനിലയത്തിലെ റിയാക്ടറുകളിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, ആണവനിലയത്തിൽനിന്നുള്ള വെള്ളം പുറന്തള്ളൽ സുരക്ഷിതമാണെന്ന് ആണവോർജ ഏജൻസി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അയൽ രാജ്യങ്ങളും മത്സ്യത്തൊഴിലാളികളും ആശങ്കയിലാണ്.