നഷ്ടമായത് 200 ബില്യൺ ഡോളർ; മസ്കിന്റെ കീശ ചോർന്നതും ലോക റിക്കാർഡ്
Wednesday, January 11, 2023 4:53 AM IST
ന്യൂയോർക്ക്: ട്വിറ്റർ ഏറ്റെടുത്തതു മുതൽ വാർത്തകളിൽ നിറയുകയാണ് ടെസ്ല കമ്പനി മേധാവി ഇലോൺ മസ്ക്. ട്വിറ്റർ സ്വന്തമാക്കിയതിന് ഉന്നത ഉദ്യോഗസ്ഥരെയും ആയിരക്കണക്കിന് തൊഴിലാളികളെയുമടക്കം മസ്ക് പുറത്താക്കിയിരുന്നു. നിരവധി പരിഷ്കാരങ്ങളും മസ്ക് കൊണ്ടുവന്നിരുന്നു.
എന്നാല്‍ ഇതെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മസ്കിന് ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞതും തിരിച്ചടിയായി. ഒരു വര്‍ഷത്തിനിടെ ഏകദേശം 200 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് മസ്കിന്റെ ആസ്തിയില്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ ഒരു ലോകറിക്കാർഡും മസ്കിന്റെ പേരിലായി. വ്യക്തിഗത ആസ്തിയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവിന്റെ ഗിന്നസ് വേള്‍ഡ് റിക്കാർഡാണ് മസ്കിന്റെ പേരിലായതെന്ന് ഗിന്നസ് അധികൃതര്‍ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി. മസ്കിന് ഒരു വർഷത്തിനിടെ ഏകദേശം 200 ബില്യണ്‍ ഡോളറാണ് നഷ്ടമായത്.
2021 നവംബറിൽ മസ്കിന്റെ ആസ്തി 340 ബില്യൺ ഡോളറായിരുന്നു. അന്ന് ലോകസമ്പന്നനും അദ്ദേഹംതന്നെയായിരുന്നു. എന്നാൽ, 2023 ജനുവരി ആയപ്പോഴേക്കും 132 ബില്യൺ ഡോളറായി കുറഞ്ഞു. ഓഹരി വിപണിയിൽ ടെസ്ലയുടെ മോശം പ്രകടനമാണ് മസ്കിനെ ബാധിച്ചത്.
ജപ്പാനീസ് ടെക് ഇന്‍വസ്റ്റര്‍ മസായോഷി സണ്ണിന്റെ റിക്കാർഡാണ് മസ്ക് സ്വന്തം പേരിലാക്കിയത്. സണ്ണിന് 2000 ത്തില്‍ 58.6 ബില്യണിന്റെ ആസ്തി നഷ്ടമായിരുന്നു. 2000 ഫെബ്രുവരിയിൽ സണ്ണിന് 78 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്നു. അതേവർഷം ജൂലൈ ആയപ്പോൾ ആസ്തി 19.4 ബില്യണ്‍ ഡോളറായി ഇടിഞ്ഞു.
ട്വിറ്റർ ഏറ്റെടുക്കൽ അടക്കമുള്ള പ്രശ്നങ്ങളും ടെസ്ല ആഗോള വിപണിയിൽ നേരിടുന്ന വെല്ലുവിളികളുമാണ് മസ്കിന്റെ നഷ്ടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ടെസ്ലയുടെ ഓഹരിയിൽ 2022ൽ മാത്രം 65 ശതമാനത്തിന്റെ നഷ്ടമാണുണ്ടായത്.