കരുനാഗപ്പള്ളിയിലെ പാന്‍മസാല വേട്ട; പിടിച്ചെടുത്ത ലോറികളിലൊന്ന് സിപിഎം നേതാവിന്റേത്
Tuesday, January 10, 2023 9:26 AM IST
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഒരു കോടിരൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയത് സിപിഎം നേതാവിന്റെ പേരിലുള്ള ലോറിയില്‍. ആലപ്പുഴ നഗരസഭാ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ എ.ഷാനവാസിന്റെ പേരിലുള്ള വാഹനത്തില്‍ നിന്നാണ് പാന്‍മസാല പാക്കറ്റുകള്‍ പിടിച്ചത്. എന്നാല്‍ ലോറി മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വിശദീകരണം.
ഞായറാഴ്ച പുലര്‍ച്ചെയാണ് രണ്ടു ലോറികളിലായി കടത്തുകയായിരുന്ന പാന്‍മസാലകള്‍ പിടികൂടിയത്. ഇതില്‍ കെല് 04 എടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്.
ഇയാള്‍ക്ക് കേസില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് മാസവാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വാദം. ഇതിന്റെ കരാര്‍ സംബന്ധിച്ച രേഖകളും ഇയാള്‍ പുറത്തുവിട്ടെങ്കിലും ഇത് കൃത്രിമമായി സൃഷ്ടിച്ചടുത്തതാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഒപ്പ് വച്ചിരിക്കുന്ന രേഖയാണ് ഇയാള്‍ പുറത്തുവിട്ടത്. കരാര്‍ ഏര്‍പ്പെട്ടതിന് സാക്ഷികള്‍ ആരുമില്ലെന്നും പോലീസ് അറിയിച്ചു.
അതേസമയം കേസില്‍ മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികളായ ഇജാസ്, സജാദ്, കരുനാഗപ്പള്ളി സ്വദേശിയായ ഷമീര്‍ എന്നിവരാണ് പിടിയിലായത്.
സംഭവത്തില്‍ കരുനാഗപ്പള്ളി സ്വദേശി തൗസീഫ് എന്നയാള്‍ നേരത്തെ പിടിയിലായിരുന്നു.