യുവാവിനെ മർദിച്ച ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ
Friday, January 6, 2023 11:12 PM IST
കൊല്ലം: ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് പരിധിയിൽ യുവാവിനെ മർദിച്ചെന്ന പരാതിയിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ. ജിൽസനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2022 നവംബർ 18-ന് ആര്യങ്കാവ് സ്വദേശിയായ സന്ദീപ് ജോലിക്കാരോടൊപ്പം ഓട്ടോറിക്ഷയിൽ പോകവെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വാഹനം തടഞ്ഞ് പരിശോധന നടത്തി. ഇതിനിടെ വാക്ക്തർക്കം ഉണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു.
വിഷയം സന്ദർഭോചിതമായി കൈകാര്യം ചെയ്യുന്നതിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് ജാഗ്രതക്കുറവുണ്ടയാതായി അന്വേഷണത്തിൽ കണ്ടെത്തി. സന്ദീപിനെ കസ്റ്റഡിയിൽ എടുത്തതും അമിത ബലപ്രയോഗം നടത്തി കൈയും കാലും കെട്ടിയതിന് ശേഷം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി പരിക്കേൽപ്പിച്ചതായും സർക്കാരിന് ലഭിച്ച റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
ഗുരുതര മനുഷ്യാവകാശ ലംഘനം നടന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിർദേശ പ്രകാരമാണ് സസ്പെൻഷൻ ഉത്തരവായത്.