ആലപ്പുഴയിൽ ടാങ്കർ ലോറിയിൽനിന്നും ആസിഡ് ചോർന്നു
Wednesday, January 4, 2023 12:18 PM IST
ആലപ്പുഴ: ചന്തിരൂരിൽ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ചോർന്നു. ഹൈഡ്രോക്ലോറിക് ആസിഡ് കൊണ്ടുപോയ ടാങ്കർ ലോറിയിൽ നിന്നാണ് വാതകം ചോർന്നത്. ടാങ്കറിലെ വാൽവിലുണ്ടായ തകരാറുമൂലമാണ് ആസിഡ് ചോർന്നത്. വാൽവ് മരക്കുറ്റി വച്ച് താത്കാലികമായി അടച്ചശേഷം ലോറി സമീപത്തെ ഒരു പറന്പിലേക്ക് മാറ്റി.
കൊച്ചിയിൽ നിന്നു ചേർത്തലയിലേക്ക് ആസിഡ് കൊണ്ടുപോകുകയായിരുന്നു. സംഭവത്തെതുടർന്ന് അരൂർ -ചേർത്തല റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അഗ്നിശമന സേന വെള്ളം പമ്പ് ചെയ്ത് വാതകം നിർവീര്യമാക്കാൻ ശ്രമിക്കുന്നുണ്ട്.
റോഡിലൂടെ അര കിലോമീറ്ററോളം വാതകം ഒഴുകി. പ്രശ്നം പൂർണമായും പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അഗ്നിശമന സേന അറിയിച്ചു.