ബനഡിക്ട് പതിനാറാമൻ സഭയ്ക്കു തുടർച്ച നൽകിയ പിതാവ്: കർദിനാൾ മാർ ക്ലിമീസ്
Saturday, December 31, 2022 9:40 PM IST
തിരുവനന്തപുരം: ബനഡിക്ട് പതിനാറാമൻ മാർപാപ്പ ആധുനികകാലത്ത് സഭയ്ക്ക് തുടർച്ച നൽകിയ പിതാവാണെന്നു മലങ്കര കത്തോലിക്കാ സഭയുടെ തലവനും കെസിബിസി അധ്യക്ഷനുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
സാമൂഹികമായ ഇടപെടലുകളും സഭയുടെ ഉള്ളിലുള്ള നവീകരണവും സഭയുടെ പരന്പരാഗതമായ വിശ്വാസങ്ങൾ അനുസ്യൂതമായി തുടരുന്നതിനുള്ള വലിയ സമർപ്പണവും പ്രകടമാക്കിയ ആധുനിക കാലത്തെ മാർപാപ്പയാണ്. ജോണ്‍ പോൾ രണ്ടാമൻ എന്ന വളരെ പോപ്പുലർ ആയ മാർപാപ്പായ്ക്കും ജനമധ്യത്തിലായിരുന്ന ഫ്രാൻസിസ് മാർപാപ്പായ്ക്കും മധ്യേ നിശബ്ദമായും എന്നാൽ ഏകാഗ്രതയോടെയും സഭയുടെ നേതൃശുശ്രൂഷയിൽ വളരെ പ്രത്യേകതയാർന്ന സമർപ്പണത്തോടെ പ്രവർത്തിച്ച പിതാവാണ്.
ലോകം അറിയുന്ന ഒരു ദൈവശാസ്ത്ര പണ്ഡിതനായിരുന്നു അദ്ദേഹം. വിശ്വാസപരമായ വേദശാസ്ത്രപരമായ വിഷയങ്ങൾ വളരെ അവധാനതയോടെ കൈകാര്യം ചെയ്യുവാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. ആധുനിക കാലത്ത് കത്തോലിക്ക സഭയ്ക്ക് ദിശാബോധം നൽകിയ രണ്ടാം വത്തിക്കാൻ കൗണ്‍സിലിലെ പ്രധാന ദൈവശാസ്ത്ര പണ്ഡിതനായി റാറ്റ്സിംഗർ എന്ന യുവ വൈദികൻ ദൈവശാസ്ത്രജ്ഞനായി സഭയെ ഏറെ മുൻപോട്ട് നയിച്ചിട്ടുണ്ട്.
മാർപാപ്പ ആയതിനു ശേഷവും തന്റെ വലിയ ഉത്തരവാദിത്തം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനിടയിലും വായനയും പഠനവും എഴുത്തും നിലനിർത്തിയ ദൈവശാസ്ത്രജ്ഞനും സഭാ സാരഥിയുമാണ്. റോമിലെ സിനഡുകളിൽ സംബന്ധിക്കുന്പോൾ പൗരസ്ത്യ സഭകളോട് ഭാരതത്തിലെ സഭാ സമൂഹത്തോടൊക്കെ വളരെ അടുപ്പം പ്രകടമാക്കിയിട്ടുള്ള പിതാവാണെന്നും മാർ ക്ലീമിസ് പറഞ്ഞു.