സജി ചെറിയാൻ മന്ത്രിസഭയിലേക്ക്; സ്ഥിരീകരിച്ച് എം.വി. ഗോവിന്ദൻ
Saturday, December 31, 2022 11:19 AM IST
തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നുവെന്ന് സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിച്ചുവെന്നും സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സജി ചെറിയാന്റെ പ്രസംഗവുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങള്‍ എല്ലാം അവസാനിച്ചതാണ്. ഇതില്‍ ഒന്നും മറച്ചുവയ്ക്കാനില്ല. നിയമപരമായ തടസങ്ങളെല്ലാം കഴിഞ്ഞതാണ്. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനമെടുത്തത്.
സത്യപ്രതിജ്ഞാ തീയതി ഗവര്‍ണറുടെ സൗകര്യം കൂടി കണക്കിലെടുത്ത് മുഖ്യമന്ത്രി തീരുമാനിക്കും. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ പ്രതിപക്ഷ നേതാക്കള്‍ പ്രകടിപ്പിച്ച എതിര്‍പ്പു കാര്യമാക്കുന്നില്ല. അവര്‍ എല്ലാത്തിനെയും എതിര്‍ക്കുന്നവരാണ്. എം.വി. ഗോവിന്ദൻ പറഞ്ഞു.
ജൂലൈ മൂന്നിന് ഭരണഘടനയെ അധിക്ഷേപിച്ച് മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു അദ്ദേഹത്തിന്റെ സജി ചെറിയാന്റെ രാജി. അഞ്ച് മാസത്തിന് ശേഷം സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പോലീസിന്റെ റെഫര്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഭരണഘടനയേയോ ഭരണഘടനാ ശില്‍പികളെയോ സജി ചെറിയാന് അവഹേളിച്ചിട്ടില്ലെന്നും വിമര്‍ശനാത്മകമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണുള്ളത്.
സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചതായി തങ്ങള്‍ക്ക് തോന്നിയിട്ടില്ലെന്നാണ് പ്രസംഗം കേട്ട തിരുവല്ല, റാന്നി എംഎല്‍എമാര്‍ അടക്കം മൊഴി നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പിന്നാലെയാണ് സജി ചെറിയാന് മന്ത്രി സഭയിലേക്കുള്ള തിരിച്ചുവരവിന് കളമൊരുങ്ങിയത്.