"ചാരവനിത'യെ നാടുകടത്താൻ സർക്കാർ
Friday, December 30, 2022 1:53 PM IST
പാറ്റ്ന: ദലൈ ലാമയുടെ ബോദ്ധ് ഗയ സന്ദർശനത്തിനിടെ ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റിലായ ചൈനീസ് വനിതയെ "ഡീപോർട്ട്' ചെയ്യാൻ സർക്കാർ തീരുമാനിച്ചു. സോംഗ് ഷിയോലാൻ എന്ന യുവതിക്കെതിരെയാണ് നടപടി. ഇന്ത്യ വിട്ട് പോകാനുള്ള നോട്ടീസ് കോൽക്കത്തയിലെ ഫോറിനേഴ്സ് റീജിനൽ രജിസ്ട്രേഷൻ ഓഫീസ്(എഫ്ആർആർഒ) മുഖാന്തരം ഷിയോലാന്‍ നൽകി.
ഇന്ന് വൈകിട്ടോടെ ഷിയോലാനെ ഡൽഹിയിലെ എഫ്ആർആർഒയിൽ എത്തിച്ച് നാടുകടത്തൽ നടപടികൾ പൂർത്തിയാക്കി വിമാനത്തിൽ കയറ്റിവിടുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വീസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ അനധികൃതമായി താമസിച്ച് വരികയായിരുന്നു ഇവരെന്ന് പോലീസ് അറിയിച്ചു. 90 ദിവസം മാത്രം രാജ്യത്ത് തങ്ങാൻ അനുമതിയുണ്ടായിരുന്ന ഇവർ നിരവധി ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ദലൈ ലാമയുടെ വിവരങ്ങൾ ചോർത്താനാണ് ഷിയോലാൻ രാജ്യത്ത് എത്തിയതെന്ന് പോലീസ് അറിയിച്ചിരുന്നു. എന്നാൽ ഇവർ ചാരവൃത്തിയിൽ ഏർപ്പെട്ടതായി തെളിവുകളൊന്നും കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന സംശയത്തിൽ ഇവരുടെ രേഖാചിത്രം നേരത്ത പുറത്തുവിട്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങിയിരുന്നതായാണ് കരുതപ്പെടുന്നത്.