ഗുരുവായൂരപ്പന് ബാങ്ക് നിക്ഷേപം 1,737.04 കോടി; സ്വന്തമായി 271 ഏക്കർ
Thursday, December 29, 2022 8:21 PM IST
തൃശൂർ: ഗുരുവായൂരപ്പന് വിവിധ ബാങ്കുകളിലായി 1,737.04 കോടി രൂപയുടെ നിക്ഷേപവും സ്വന്തമായി 271.05 ഏക്കർ ഭൂമിയും ഉണ്ടെന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കി. രത്നം, സ്വർണം, വെള്ളി എന്നിവയുടെ മൂല്യം എത്രയെന്നത് സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്താനാകില്ലെന്നും ദേവസ്വം അറിയിച്ചു.
ഗുരുവായൂർ ദേവസ്വത്തിന്റെ ആസ്തി വിവരങ്ങൾ തിരക്കി എറണാകുളത്തെ പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റെ എം.കെ. ഹരിദാസ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ദേവസ്വം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
രത്നം, സ്വർണം, വെള്ളി തുടങ്ങിയ ആഭരണങ്ങളുടെ വിവരം നിഷേധിച്ചതിനെതിരേ ഹരിദാസ് അപ്പീൽ നൽകി.
2018-ലും 2019-ലും വെള്ളപ്പൊക്കദുരന്തമുണ്ടായതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ 10 കോടി രൂപ തിരികെ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ദേവസ്വം വ്യക്തമാക്കി.
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ നൽകുന്ന പണം അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി മാത്രമേ വിനിയോഗിക്കാനാകൂ എന്ന് വിലയിരുത്തി നേരത്തെ ഹൈക്കോടതി ഫുൾ ബെഞ്ച് ഉത്തരവിറക്കിയിരുന്നു.