"ബെൻസേമയെ തിരികെ അയക്കാൻ തിടുക്കം കാട്ടി'
Tuesday, December 27, 2022 10:39 PM IST
പാരിസ്: പരിക്കേറ്റ ഫ്രഞ്ച് സൂപ്പർതാരം കരീം ബെൻസേമയെ ലോകകപ്പ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കാൻ ടീം മാനേജ്മെന്റ് തിടുക്കം കാട്ടിയെന്ന് പരാതിപ്പെട്ട് താരത്തിന്റെ ഏജന്റ് കരീം ജാസിരി.
ബെൻസേമയുടെ പരിക്ക് സംബന്ധിച്ച് താൻ മൂന്ന് വിദഗ്ധ ഡോക്ടർമാരുമായി സംസാരിച്ചെന്നും ക്വാർട്ടർ പോരാട്ടത്തിന്റെ സമയം ആകുമ്പോഴേക്കും താരം ശാരീരികക്ഷമത വീണ്ടെടുക്കുമെന്നാണ് അവർ അഭിപ്രായപ്പെട്ടതെന്നും ജാസിരി ട്വിറ്ററിൽ കുറിച്ചു. ഇക്കാര്യം അറിഞ്ഞിട്ടും എന്തിനാണ് താരത്തെ പറഞ്ഞ് വിടാൻ ധൃതി കാട്ടിയതെന്നും അദേഹം ചോദിച്ചു.
ടൂർണമെന്റ് ആരംഭിക്കുന്നതിന് മുന്പ് നടന്ന പരിശീലന സെഷനിടെയാണ് താരത്തിന്റെ ഇടത് തുടയിലെ മസിലിന് വിള്ളൽ സംഭവിച്ചത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയെത്തുടർന്ന് ലോകകപ്പിൽ നിന്ന് പിന്മാറുന്നതായി ബെൻസേമ പ്രഖ്യാപിക്കുകയായിരുന്നു.
പരിക്ക് ഭേദമായ ബെൻസേമ അർജന്റീനയ്ക്കെതിരായ ഫൈനലിന് ടീമിൽ തിരിച്ചെത്തുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പരിശീലകൻ ദിദിയേ ദെഷാം ഈ നീക്കം അനുവദിച്ചിരുന്നില്ല. തുടർന്ന് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് താരം അറിയിച്ചിരുന്നു.
2014 ലോകകപ്പിലെ ഫ്രഞ്ച് ടോപ് സ്കോറർ ആയിരുന്ന ബെൻസമേയ്ക്ക് അച്ചടക്കലംഘനത്തിന്റെ പേരിൽ 2018-ലെ ചാമ്പ്യൻ ടീമിൽ ഇടം ലഭിച്ചിരുന്നില്ല.