നമ്പർ വൺ കേരളം..! ഉന്തിയ പല്ലിന്റെ പേരിൽ ആദിവാസി യുവാവിന് പിഎസ്സി ജോലി നിഷേധിച്ചു
സ്വന്തം ലേഖകൻ
Sunday, December 25, 2022 4:10 PM IST
പാലക്കാട്: ഉന്തിയ പല്ലിന്റെ കാരണം പറഞ്ഞ് ആദിവാസി യുവാവിന് പിഎസ്സി ജോലി നിഷേധിച്ചു. അട്ടപ്പാടിയിലെ ആനവായ് ഊരിലെ മുത്തുവിനാണ് സര്‍ക്കാര്‍ ജോലി നഷ്ടമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷ പാസായി അഭിമുഖം വരെ എത്തിയ ശേഷമാണ് പല്ലിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടതെന്ന് മുത്തു മാധ്യമങ്ങളോട് പറഞ്ഞു.
ചെറുപ്പത്തില്‍ വീണതിനെ തുടര്‍ന്നാണ് പല്ലിന് തകരാര്‍ വന്നത്. പണമില്ലാത്തതിനാല്‍ ചികിത്സിക്കാനായില്ലെന്നും മുത്തു പറഞ്ഞു. തനിക്ക് ജോലി നിഷേധിച്ചതില്‍ സങ്കടമുണ്ടെന്നും മുത്തു പറഞ്ഞു. അതേസമയം, പിഎസ്സിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. എഴുത്തുപരീക്ഷ വിജയിച്ച് കായികക്ഷമതയും തെളിയിച്ച ശേഷമാണ് മുത്തുവിന് ജോലി നിഷേധിച്ചത്.