കറന് സുപ്രീമസി: റിക്കാർഡ് തുകയ്ക്ക് കറനെ റാഞ്ചി പ്രീതി സിന്റയും സംഘവും
Friday, December 23, 2022 4:20 PM IST
കൊച്ചി: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇംഗ്ലീഷ് സൂപ്പർതാരം സാം കറൻ. 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് കറനെ ടീമിലെത്തിച്ചു.
ബാറ്റർമാരുടെ രണ്ടാം സ്ലോട്ടിലെ രണ്ടാമനായി കറന്റെ പേര് ലേലത്തിനെത്തിയപ്പോൾ മുതൽ വാശിയേറിയ പോരാട്ടമാണ് ലേലവേദിയിൽ നടന്നത്. 2022 ടി-20 ലോകകപ്പിലെ മാൻ ഓഫ് ദ സീരിസായ കറനെ സ്വന്തമാക്കാൻ എല്ലാ ടീമുകളും തുനിഞ്ഞിറങ്ങിയെങ്കിലും നെസ് വാഡിയ - പ്രീതി സിന്റ സഖ്യം നയിക്കുന്ന പഞ്ചാബ് റിക്കാർഡ് വിലയ്ക്ക് താരത്തെ സ്വന്തമാക്കി.
രണ്ട് കോടി രൂപ അടിസ്ഥാന വിലയുമായി എത്തിയ താരത്തിനായി ആർസിബി - മുംബൈ പോരാട്ടമാണ് ആദ്യ ഘട്ടത്തിൽ നടന്നത്. കഴിഞ്ഞ സീസൺ വരെ തങ്ങളുടെ താരമായിരുന്ന കറനെ ടീമിൽ നിലനിർത്താൻ ചെന്നൈ ലേലംവിളിയുടെ ആദ്യ ഘട്ടത്തിൽ ശ്രമിച്ചില്ല. എന്നാൽ ലേലത്തുക 10 കോടി കടന്നതോടെ ചെന്നൈ രംഗത്തെത്തി.
സൗത്ത് ആഫ്രിക്കൻ ലീഗിൽ എംഐ കേപ്പ് ടൗണിന്റെ താരമായ കറനെ ടീമിലെത്തിക്കാൻ മുംബൈ ശ്രമിച്ചെങ്കിലും ചെന്നൈ വിട്ടുകൊടുത്തില്ല. ഒടുവിൽ ഐപിഎല്ലിലെ തന്റെ ആദ്യ ടീമായ പഞ്ചാബിലേക്ക് തന്നെ കറൻ മടങ്ങിയെത്തി.
ഇതിനിടെ, ഓസീസ് താരമായ കാമറൂൺ ഗ്രീനിനെ 17.5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് ടീമിലെടുത്തു. ബെൻ സ്റ്റോക്സ് 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് കൂടാരത്തിലെത്തി.