പണപ്പെട്ടി കിലുങ്ങുന്നു; ഐപിഎൽ താരലേലത്തിന് ഉജ്ജ്വല തുടക്കം
Friday, December 23, 2022 3:18 PM IST
കൊച്ചി: ഐപിഎൽ മിനി താരലേലത്തിന് കൊച്ചിയിൽ ആവേശോജ്ജ്വലമായ തുടക്കം. ടീമുകളെ ശക്തിപ്പെടുത്താനായി ഉടമകളും പരിശീലകരും വാശിയേറിയ രീതിയിൽ പോരാടിയതോടെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ ലേല വേദിക്ക് പണത്തിന്റെ തിളക്കം കൈവന്നു.
ആദ്യ സ്ലോട്ടിൽ മുന്നേറ്റനിര ബാറ്റർമാരാണ് ലേലത്തിനെത്തിയത്. ടി-20 ക്രിക്കറ്റിൽ ഫോമില്ലായ്മ മൂലം വിഷമിക്കുന്ന കിവീസ് താരം കെയ്ൻ വില്യംസന്റെ പേരാണ് ലേലത്തിനുള്ള ബെയിൽസ് സഞ്ചിയിൽ നിന്ന് ആണ് ആദ്യം പുറത്തെടുത്തത്. അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് വില്യംസണെ ടീമിലെടുത്ത് ലേലത്തിന് വാശിയേറിയ തുടക്കമിട്ടു.
സൺറൈസേഴ്സ് ഹൈദരാബാദ് - രാജസ്ഥാൻ റോയൽസ് ലേലംവിളി പോരാട്ടത്തിനൊടുവിൽ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് 13.25 കോടി രൂപയ്ക്ക് കാവ്യാ മാരന്റെ ടീമിലെത്തി. 8.25 കോടി രൂപയ്ക്ക് മായങ്ക് അഗർവാളിനെയും ടീമിലെടുത്ത് സൺറൈസേഴ്സ് തങ്ങൾ ലേലത്തിൽ സ്വീകരിക്കാനുദേശിക്കുന്ന നിലപാട് വ്യക്തമാക്കി.
അജിങ്ക്യ റഹാനെയെ 50 ലക്ഷം രൂപ എന്ന അടിസ്ഥാന വിലയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയപ്പോൾ, രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള ദക്ഷിണാഫ്രിക്കൻ താരം റൈലീ റൂസോയെയും ഒരു കോടി രൂപ അടിസ്ഥാന വില രേഖപ്പെടുത്തിയ ഇംഗ്ലീഷ് സൂപ്പർ താരം ജോ റൂട്ടിനെയും ആരും ടീമിലെടുത്തില്ല.