സ്വപ്നം, സായൂജ്യം, കിരീടം: റിക്കാർഡിൽ മുങ്ങിനിവർന്ന് മെസി
Monday, December 19, 2022 12:16 AM IST
ദോഹ: തൊട്ടതെല്ലാം പൊന്നാക്കിയ മാന്ത്രികന്റെ മാസ്മരികത നിൽക്കുന്ന ലുസെയ്ൽ സ്റ്റേഡിയം ഇനി ലയണൽ മെസി റിക്കാർഡുകൾ വാരിക്കൂട്ടിയ മൈതാനമെന്ന പേരിൽ എക്കാലവും ഓർമിക്കപ്പെടും. കാൽപ്പന്ത് ചരിത്രത്തിൽ അമരത്വം നേടിയ റൊസാരിയോയുടെ നായകൻ, 2217 മിനിറ്റെന്ന ലോകകപ്പ് റിക്കാർഡ് സമയം മൈതാനത്ത് നിറഞ്ഞ് നിന്ന ശേഷമാണ് വിശ്വകിരീടത്തിലേക്ക് നടന്നടുത്തത്.
തന്റെ 25-ാം ലോകകപ്പ് മത്സരത്തിൽ ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവുമധികം പോരാട്ടങ്ങൾക്കിറങ്ങിയ താരമെന്ന റിക്കാർഡ് ആദ്യ വിസിൽ മുഴങ്ങുന്നതിന് മുമ്പേ താരം കരസ്ഥമാക്കിയിരുന്നു. പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയയ്ക്കെതിരെ ആരംഭിച്ച പ്ലേ ഓഫ് ഗോൾ വേട്ട, നോക്ക്ഔട്ട് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഗോൾ നേടുന്ന താരമെന്ന ഖ്യാതി സ്വന്തമാക്കി ഫൈനലിലാണ് മെസി അവസാനിപ്പിച്ചത്.
17 ലോകകപ്പ് മത്സരങ്ങളിൽ വിജയിച്ച താരമെന്ന റിക്കാർഡും സ്വപ്ന കിരീടത്തിൽ മുത്തമിട്ട ഖത്തറിലെ സുവർണ പന്ത് ജേതാവിന് സ്വന്തം.