കെന്നഡി വധത്തിന്റെ കൂടുതൽ രഹസ്യരേഖകൾ പുറത്ത്; ദുരൂഹത ബാക്കി
Friday, December 16, 2022 10:07 AM IST
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ.എഫ്.കെന്നഡിയുടെ മരണത്തിൽ ദുരൂഹതകൾ ബാക്കിവച്ച് അതുമായി ബന്ധപ്പെട്ട രഹസ്യരേഖകളുടെ കൂടുതൽ ഭാഗം യുഎസ് സർക്കാർ ഓൺലൈനായി പുറത്തുവിട്ടു. ഏകദേശം 13,173 അന്വേഷണ രേഖകളാണ് ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്. ഇതോടെ 97 ശതമാനം രേഖകളും ഇപ്പോൾ പൊതുജനത്തിന് ലഭ്യമായതായി വൈറ്റ് ഹൗസ് അറിയിച്ചു.
വ്യാഴാഴ്ച പ്രസിഡന്റ് ജോ ബൈഡൻ ഏറ്റവും പുതിയ വെളിപ്പെടുത്തലിന് അംഗീകാരം നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. ചില രേഖകൾ 2023 ജൂൺ വരെ രഹസ്യമായി തന്നെ വയ്ക്കുമെന്ന് ബൈഡൻ പറഞ്ഞു. എന്നാൽ 515 രേഖകൾ പൂർണമായി തടഞ്ഞുവയ്ക്കുമെന്നും 2,545 രേഖകൾ ഭാഗികമായും തടഞ്ഞുവയ്ക്കുമെന്നും യുഎസ് നാഷണൽ ആർക്കൈവ്സ് അറിയിച്ചു.
ടെക്സസിലെ ഡാലസിൽ 1963 നവംബർ 22ന് ഉച്ചയ്ക്കു 12.30നാണ് ലീ ഹാർവി ഓസ്വാൾഡ് എന്നയാളുടെ വെടിയേറ്റ് കെന്നഡി കൊല്ലപ്പെടുന്നത്. ഇരുപത്തിനാലുകാരനായ ഓസ്വാൾഡ് സംഭവസ്ഥലത്തിനു സമീപമുള്ള ഒരു കെട്ടിടത്തിലെ ആറാം നിലയിൽ പ്രവർത്തിക്കുന്ന സ്കൂൾ ബുക്ക് ഡിപ്പോയിലെ ജോലിക്കാരനായിരുന്നു. ആ കെട്ടിടത്തിൽ നിന്നാണു കെന്നഡിയുടെ നേരെ വെടിവച്ചതും. ഓസ്വാൾഡാകട്ടെ മണിക്കൂറുകൾക്കകം ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമയുടെ വെടിയേറ്റു മരിച്ചു.
പോലീസ് അറസ്റ്റ് ചെയ്ത് കൈയാമം വച്ചു കൊണ്ടുപോകുമ്പോൾ, എല്ലാവരും നോക്കിനിൽക്കെയായിരുന്നു കൊലപാതകം. സാധാരണക്കാരനായ ഓസ്വാൾഡ് എന്തിനാണ് കെന്നഡിയെ കൊലപ്പെടുത്തുന്നത് എന്നതായിരുന്നു അന്നുയർന്ന പ്രധാന ചോദ്യം. സംഭവത്തിനു തൊട്ടുപിന്നാലെ ഓസ്വോൾഡ് കൊല്ലപ്പെട്ടതും സംഭവത്തിലെ നിഗൂഢത ശക്തമാകാൻ കാരണമായി. ജാക്ക്റൂബി പിന്നീട് ജയിലിൽ വച്ചു കാൻസർ ബാധിച്ചു മരിച്ചു.
കെന്നഡി വധത്തിലെ നിഗൂഢതകളെപ്പറ്റി അന്വേഷിക്കുന്ന വിദഗ്ധ സംഘങ്ങൾക്കു പുതിയ രേഖകൾ സഹായകരമാകുമോ എന്നാണ് ഇനി നോക്കേണ്ടത്. കെന്നഡിവധവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ രേഖകളും ഘട്ടംഘട്ടമായി പുറത്തുവിടണമെന്ന് 1992ൽ യുഎസ് കോൺഗ്രസാണ് ഉത്തരവിട്ടത്.