പോക്സോ കേസ് പ്രതിയെ സിഐ പീഡിപ്പിച്ചെന്ന് പരാതി
Thursday, December 15, 2022 11:28 AM IST
തിരുവനന്തപുരം: കേസ് ഒതുക്കിതീർക്കാമെന്ന വാഗ്ദാനം നൽകി പോലീസ് ഉദ്യോഗസ്ഥൻ പോക്സോ കേസ് പ്രതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. വർക്കല അയിരൂർ പോലീസ് സ്റ്റേഷനിലെ മുൻ സിഐ ജയസനിലനെതിരെയാണ് പരാതി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് സിഐയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പോക്സോ കേസിൽ അറസ്റ്റ് ഒഴിവാക്കാൻ വിദേശത്തേക്ക് കടന്ന ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി കേസ് ഒതുക്കിതീർക്കാനായി സിഐ നാട്ടിലേക്ക് വിളിപ്പിച്ചിരുന്നു.
അറസ്റ്റ് രഹസ്യമാക്കി വയ്ക്കാനായി സിഐ തന്നെ ക്വാർട്ടേഴ്സിൽ താമസിപ്പിച്ചെന്നും ഈ സമയത്താണ് ലൈംഗികാതിക്രമം നടത്തിയതെന്നുമാണ് പരാതിക്കാരൻ ആരോപിക്കുന്നത്. ഇതിനെത്തുടർന്ന് പോക്സോ കേസിൽ റിമാൻഡിലായ ഇയാൾ ജാമ്യത്തിലിറങ്ങിയ വേളയിലാണ് സിഐയ്ക്കെതിരെ പരാതി ഉന്നയിച്ചത്.
അഴിമതിക്കേസിൽ സസ്പെൻഷൻ നടപടി നേരിടുന്ന ജയസനിലനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി അയിരൂർ പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കേസിൽ ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.