വില്യംസൺ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നു; ടിം സൗത്തി പുതിയ നായകനാകും
Thursday, December 15, 2022 12:33 PM IST
ഒക്ലൻഡ്: കെയ്ൻ വില്യംസൺ ന്യൂസിലൻഡിന്റെ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നു. പേസർ ടിം സൗത്തി പുതിയ ക്യാപ്റ്റനാകുമെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് അറിയിച്ചു. അതേസമയം, ഏകദിനത്തിലും ട്വന്റി-20യിലും തുടർന്നും വില്യംസൺ തന്നെയാണ് ന്യൂസിലൻഡിനെ നയിക്കുക.
2016ൽ ബ്രെണ്ടൻ മക്കലത്തിൽ നിന്നാണ് വില്യംസൺ ന്യൂസിലൻഡിന്റെ ടെസ്റ്റ് നായക പദവി ഏറ്റെടുക്കുന്നത്. വില്യംസൺ 38 മത്സരങ്ങളിൽ (22 ജയം, 8 സമനില, 10 തോൽവി) ടീമിനെ നയിച്ചു. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം പ്രധാന നേട്ടമാണ്. ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ടീമിനെ ഒന്നാമത് എത്തിക്കാനും വില്യംസൺ സാധിച്ചു.
കിവീസിന്റെ ടെസ്റ്റ് ക്യാപ്റ്റനാകുന്ന 31-ാമത്തെ താരമാണ് സൗത്തി. ഈ മാസം നടക്കുന്ന പാക്കിസ്ഥാൻ പര്യടനത്തിൽ സൗത്തിയാകും ടീമിനെ നയിക്കുക. ഓപ്പണർ ടോം ലതാമാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. രണ്ട് ടെസ്റ്റുകളുടെ പരമ്പര ഡിസംബർ 26ന് കറാച്ചിയിൽ ആരംഭിക്കും.