മാന്‍ഡസ് ചുഴലിക്കാറ്റ് കരതൊട്ടു; ചെന്നൈയില്‍ മരങ്ങള്‍ കടപുഴകി; വീടുകള്‍ തകര്‍ന്നു
Saturday, December 10, 2022 4:11 PM IST
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മാന്‍ഡസ് ചുഴലിക്കാറ്റ് തമിഴ്നാട്ടില്കരതൊട്ടു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തമിഴ്നാട്ടിലെയും ആന്ധാ പ്രദേശിലെയും തീരമേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്.
ചെന്നൈ-പുതുച്ചേരി റോഡിലെ മഹാബലിപുരത്താണ് കാറ്റ് കരതൊട്ടത്. കനത്ത കാറ്റിനെതുടര്‍ന്ന് ചെന്നൈയില്‍ ഇരുന്നൂറോളം മരങ്ങള്‍ കടപുഴകി വീണു. കല്‍പ്പാക്കത്തെ ചിന്നപ്പുക്കം, പെരിയപ്പുക്കം തുടങ്ങിയ മേഖലകളില്‍ വീടുകള്‍ തകര്‍ന്നു.തീരപ്രദേശങ്ങളില്‍ നിര്‍ത്തിയിട്ടുന്ന അന്‍പതോളം ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചെന്നൈ വിമാനത്താവളത്തിലെ 26 വിമാന സര്‍വീസുകള്‍ വൈകി. ശക്തമായ മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. മണിക്കൂറില്‍ 70 കിലോമീറ്ററോളം വേഗതയിലാണ് കാറ്റ് വീശുന്നത്. സംസ്ഥാനത്തെ പത്ത് ജില്ലകളിലായി ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. അയ്യായിരത്തോളം ദുരിതാശ്വാസ കാമ്പുകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ചെങ്കല്‍പട്ട് ജില്ലയില്‍നിന്ന് മാത്രം ആയിരത്തിലധികം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.