സജി ചെറിയാൻ വീണ്ടും മന്ത്രിയാകും; പറയാതെ പറഞ്ഞ് ഗോവിന്ദൻ
Friday, December 9, 2022 4:44 PM IST
തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച് പ്രസംഗിച്ചതിന്റെ പേരിൽ മന്ത്രിസ്ഥാനം പോയ സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിൽ എത്തിയേക്കുമെന്ന് സൂചിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സജിയുടെ പേരിൽ നിലവിൽ കേസുകളൊന്നും ഇല്ലെന്നും ധാർമികത ഉയർത്തിപ്പിച്ചാണ് അദ്ദേഹം രാജിവച്ചതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന വിഷയം ഇന്ന് ചേർന്ന നേതൃയോഗം ചർച്ച ചെയ്തിട്ടില്ല. സമയം വരുമ്പോൾ വിഷയം പരിശോധിച്ച് തീരുമാനമെടുക്കുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ഭരണഘടനയെ അവഹേളിച്ച കേസ് അവസാനിപ്പിക്കാൻ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സജി വീണ്ടും മന്ത്രിയാകുമെന്ന പ്രചരണം തുടങ്ങിയത്. ക്രിസ്മസിന് മുൻപ് അദ്ദേഹം മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നും സൂചനയുണ്ട്.
മല്ലപ്പള്ളിയില്‍ നടന്ന സിപിഎം സമ്മേളനത്തിലെ പൊതുയോഗത്തിനിടെയാണ് സജി ചെറിയാന് ഭരണഘടനയെ മോശമാക്കി സംസാരിച്ചത്. പിന്നാലെ പ്രതിഷേധം എല്ലാ കോണുകളിൽ നിന്നും ഉയർന്നതോടെ രാജിവയ്ക്കാൻ പാർട്ടി നിർദ്ദേശിക്കുകയായിരുന്നു.