രാംപുരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം: അഖിലേഷ് യാദവ്
Friday, December 9, 2022 6:21 PM IST
ലക്നോ: രാംപുരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വോട്ടെടുപ്പില്‍ ക്രമേക്കട് ആരോപിച്ച് കമ്മീഷന് നിരവധി തവണ പരാതി നല്‍കിട്ടും നടപടിയുണ്ടാകാത്തതില്‍ ഖേദമുണ്ടെന്നും അഖിലേഷ് പ്രതികരിച്ചു.
രാംപൂരില്‍ വ്യാഴാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പ്രവര്‍ത്തകരല്ലാത്ത വോട്ടര്‍മാരെ വോട്ടു ചെയ്യുന്നതില്‍ നിന്ന് തടഞ്ഞതായി പാര്‍ട്ടി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. സമാജ്വാദി പാര്‍ട്ടിയുടെ കോട്ടയായ രാംപുരില്‍ ബിജെപി സ്ഥാനാര്‍ഥി ആകാശ് സക്സേനയാണ് വിജയിച്ചത്. എസ്പി നേതാവ് അസം ഖാന്റെ അനുയായി അസിം രാജയാണ് ഇവിടെ പരാജയപ്പെട്ടത്.
40 ശതമാനത്തില്‍ താഴെ മാത്രം പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. വോട്ടര്‍മാരെ വോട്ടു ചെയ്യുന്നതില്‍ നിന്ന് പോലീസ് തടഞ്ഞതാണ് പോളിംഗ് കുറയാന്‍ കാരണമെന്ന് പാർട്ടി ആരോപിച്ചിരുന്നു. അതേസമയം ആരോപണങ്ങള്‍ തള്ളി ബിജെപി രംഗത്തെത്തിയിരുന്നു.
അസം ഖാനും കുടുംബവും വര്‍ഷങ്ങളായി കൈവശംവച്ചിരുന്ന മണ്ഡലമാണ് രാംപുര്‍. 2019ലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ അയോഗ്യനാക്കിയതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.