എസ്എൻ കോളജ് സംഘർഷം: എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
Friday, December 9, 2022 6:19 PM IST
കൊല്ലം: എസ്എൻ കോളജിലെ വിദ്യാർഥികളായ എഐഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഇതേ കോളജിലെ ബിരുദ വിദ്യാർഥികളായ ഗൗതം, രഞ്ജിത്, ശരത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ പ്രവർത്തകരായ ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ബുധനാഴ്ച്ചയാണ് കൊല്ലം എസ്എൻ കോളജിൽ വിപ്ലവ വിദ്യാർഥി സംഘടനകൾ ഏറ്റുമുട്ടിയത്. ആക്രമണത്തിൽ 13 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്എഫ്ഐ ജില്ലാ നേതാക്കൾ അടക്കമുള്ളവർ മാരകായുധങ്ങളുമായി എത്തി തങ്ങളെ മർദിച്ചുവെന്നാണ് എഐഎസ്എഫ് ആരോപിക്കുന്നത്.
എസ്എഫ്ഐ പ്രവർത്തകർ ക്ലാസ് മുറിയിൽ പൂട്ടിയിട്ട 2 വിദ്യാർഥിനികളെ സിപിഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എംഎൽഎയും മറ്റു നേതാക്കളും എത്തിയാണ് പ്രിൻസിപ്പലിന്റെ സഹായത്തോടെ പുറത്ത് എത്തിച്ചത്. അക്രമത്തിൽ പ്രതിഷേധിച്ച് എഐഎസ്എഫ് വ്യാഴാഴ്ച്ച ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് നടത്തിയിരുന്നു.