ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരായ ഹർജി തള്ളി
Thursday, December 8, 2022 2:31 PM IST
കൊച്ചി: ഭരണഘടനയെ അധിക്ഷേപിക്കുന്ന പ്രസംഗം നടത്തിയ സജി ചെറിയാൻ എംഎൽഎയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
ജനപ്രതിനിധി സ്ഥാനത്ത് നിന്ന് സജി ചെറിയാനെ അയോഗ്യനാക്കാനുള്ള വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. മലപ്പുറം സ്വദേശി ബിജു പി. ചെറുമകൻ, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവരായിരുന്നു ഹർജിക്കാർ.
മല്ലപ്പള്ളിയിലെ പാർട്ടി വേദിയിൽ ഭരണഘടനയുടെ അന്തഃസത്തയെ ഹനിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ ഉൾപ്പെടുത്തി സജി ചെറിയാൻ നടത്തിയ പ്രസംഗം വിവാദമായിരുന്നു. അഭിഭാഷകനായ ബൈജു നോയൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി നടപടികൾ അവസാനിപ്പിച്ചിരുന്നു.