കത്ത് വിവാദം: യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തം
Tuesday, December 6, 2022 1:32 PM IST
തിരുവനന്തപുരം: കോർപറേഷനിലെ അനധികൃത നിയമനങ്ങൾക്കെതിരായി യൂത്ത് കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ച് അക്രമാസക്തമായി. പ്രതിഷേധക്കാരെ പിരിച്ച് വിടാൻ പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. ഗ്രനേഡ് പ്രയോഗത്തിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാലിന് പരിക്കേറ്റു.
മേയർ ആര്യാ രാജേന്ദ്രനെ പിണറായി സർക്കാർ സംരക്ഷിക്കുകയാണെന്ന ആരോപണം ഉന്നയിച്ച് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്.
ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടും പിരിഞ്ഞ് പോവാതെ വന്നതോടെയാണ് പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചത്. പ്രദേശത്ത് നിലയുറപ്പിച്ച നൂറുകണക്കിന് പ്രവർത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമം ഷാഫി പറന്പിൽ അടക്കമുള്ള നേതാക്കൾ തുടരുകയാണ്.