"ഡിസിസി അധ്യക്ഷന്റെ വാദം തെറ്റ്..'; നാട്ടകത്തിനെതിരെ വിമർശനവുമായി ശബരീനാഥൻ
Monday, December 5, 2022 5:49 AM IST
തിരുവനന്തപുരം: കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനെതിരെ പരസ്യവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്.ശബരീനാഥൻ. യൂത്ത് കോൺഗ്രസും ശശി തരൂരും പാർട്ടിയിൽ സമാന്തര പ്രവർത്തനം നടത്തുന്നു എന്ന നാട്ടകം സുരേഷിന്റെ വാദം തെറ്റാണ് എന്ന് ശബരീനാഥൻ മാധ്യമങ്ങളോട് പറഞ്ഞു.
ഈരാറ്റുപേട്ടയിലെ യൂത്ത് കോൺഗ്രസ് പരിപാടിയിൽ ജനപങ്കാളിത്തം കുറവായിരുന്നു എന്ന നാട്ടകം സുരേഷിന്റെ പ്രസ്താവനയും ശബരീ തള്ളി. ഡിസിസി അധ്യക്ഷൻ നടത്തിയ പോലെ താൻ പരിപാടിയിൽ വന്നവരുടെ തല എണ്ണുകയല്ലായിരുന്നു. എന്നാലും ആയിരകണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു എന്നും അദ്ദേഹം അറിയിച്ചു.
ഡിസിസി അധ്യക്ഷ പദവിയെ താൻ ബഹുമാനിക്കുന്നു. പാലാ കെ.എം.മാത്യൂവിനെ പോലെ ഒരുപാട് പ്രമുഖരായ നേതാക്കൾ ഇരുന്ന സീറ്റാണ് അതെന്നും ശബരീ കൂട്ടിച്ചേർത്തു.