സദാചാര - മതകാര്യ പോലീസിനെ പിരിച്ച് വിട്ട് ഇറാൻ
Sunday, December 4, 2022 5:12 PM IST
ടെഹ്റാൻ: രാജ്യമെന്പാടും കത്തിപ്പടർന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സദാചാര - മതകാര്യ പോലീസ് സേനയെ ഇറാൻ ഭരണകൂടം പിരിച്ച് വിട്ടു. ഇറാൻ പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് ജാഫർ മൊന്റസേരിയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
മതകാര്യ പോലീസിന് ജുഡീഷ്യറിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയാണ് മൊന്റസേരി ഈ തീരുമാനം അറിയിച്ചത്. എന്നാൽ സദാചാരം ഉറപ്പാക്കാൻ നിയോഗിച്ചിട്ടുള്ള പട്രോളിംഗ് യൂണിറ്റുകൾ റദ്ദാക്കിയതായോ വസ്ത്രധാരണ നിയമങ്ങളിൽ ഇളവ് വരുത്തിയതായോ അറിയിപ്പുകൾ നൽകിയിട്ടില്ല.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി(22) എന്ന യുവതിയുടെ മരണത്തെത്തുടർന്ന് രാജ്യത്ത് കടുത്ത പ്രതിഷേധ സമരങ്ങളാണ് അരങ്ങേറിയത്. അമിനി കസ്റ്റഡി മർദനത്തിന്റെ ഇരയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിഷേധക്കാർ, രാജ്യത്തെ കരിനിയമങ്ങൾക്കെതിരെ കൂറ്റൻ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു.
2006-ൽ ആരംഭിച്ച മതകാര്യ പോലീസ്, പച്ചയും വെള്ളയും നിറങ്ങൾ പതിപ്പിച്ച വാനുകളിൽ റോന്ത് ചുറ്റി രാജ്യത്തെ ജനങ്ങളുടെ "സദാചാരം ഉറപ്പാക്കുന്ന' ജോലിക്ക് നിയോഗിക്കപ്പെട്ടവരാണ്. നിയമലംഘനം കണ്ടെത്തിയാൽ ജനങ്ങളെ "പരിഹാര പഠന കേന്ദ്രങ്ങൾ' എന്നറിയപ്പെടുന്ന തടവറയിലേക്കയച്ച് ശിക്ഷ നൽകാനുള്ള അധികാരവും ഇവർക്കുണ്ടായിരുന്നു.