വിഴിഞ്ഞം സമവായത്തിലേക്ക്: ക്ലീമിസ് ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Saturday, December 3, 2022 9:01 PM IST
തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ സമവായത്തിനുള്ള സാധ്യതകൾ തെളിയുന്നു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മധ്യസ്ഥതയിലാണ് സമവായനീക്കങ്ങൾ നടക്കുന്നത്.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുമായി ചീഫ് സെക്രട്ടറി വി.പി. ജോയിയെ കണ്ടു ചർച്ച നടത്തിയ കർദിനാൾ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടും ചർച്ച നടത്തി.
സ്ഥിതിഗതികൾ കൂടുതൽ വഷളാകാതെ സമാധാനാന്തരീക്ഷം സൃഷ്ടിക്കണമെന്ന ചിന്ത ഇരുപക്ഷത്തുമുണ്ട്. ഇതിനിടയിലാണ് കർദിനാൾ മധ്യസ്ഥനീക്കങ്ങൾ തുടങ്ങിവച്ചത്.
നിയമസഭാ സമ്മേളനം ആരംഭിക്കുന്പോൾ പ്രതിപക്ഷം ഈ വിഷയം സഭയിൽ കത്തിക്കുമെന്നതും അനുരഞ്ജനത്തിലേക്കു നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചു എന്നു കരുതണം. ഏതായാലും സമവായ നീക്കങ്ങൾ ഒത്തുതീർപ്പിലേക്ക് എത്തിക്കുമെന്നു തന്നെയാണു കരുതപ്പെടുന്നത്.
ഇതിനിടെ ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിലും മധ്യസ്ഥനീക്കങ്ങൾ നടക്കുന്നുണ്ട്.