മലയിൻകീഴ് പോലീസ് സ്റ്റേഷൻ ആക്രമിച്ചവർക്കെതിരെ കേസെടുത്തു
Thursday, December 1, 2022 2:03 PM IST
തിരുവനന്തപുരം: മദ്യലഹരിയിൽ മലയിൻകീഴ് പോലീസ് സ്റ്റേഷൻ അടിച്ച് തകർത്ത മൂന്ന് പേർക്കെതിരെ കേസ് ചാർജ് ചെയ്തു. വാഹനാപകടം സൃഷ്ടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പേർ ബുധനാഴ്ച രാത്രിയാണ് ഉദ്യോഗസ്ഥരെ മർദിക്കുകയും സ്റ്റേഷനിലെ ഉപകരണങ്ങൾ തകർക്കുകയും ചെയ്തത്.
മരുതത്തൂർ സ്വദേശി അരുൺ(30), മാറനല്ലൂർ സ്വദേശി ഹരീഷ്(26), കാരംകോട് നിവാസി ഷിജു(37) എന്നിവരാണ് സ്റ്റേഷനിൽ അക്രമം നടത്തിയത്.
കാട്ടാക്കടയിലേക്ക് സഞ്ചരിക്കുകയായിരുന്ന പ്രതികളുടെ വാഹനം ബുധനാഴ്ച രാത്രി തച്ചോട്ടുകടവ് മേഖലയിൽ വച്ച് സ്കൂട്ടറിൽ ഇടിച്ചിരുന്നു. സ്കൂട്ടർ യാത്രികന് ഗുരുതരമായ പരിക്കേറ്റെന്നറിഞ്ഞ പ്രതികൾ സ്ഥലത്ത് നിന്നും ബസിൽ കയറി രക്ഷപ്പെട്ടു. പിന്നീട് ഷിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ പ്രതികൾ അക്രമം അഴിച്ച് വിടുകയായിരുന്നു.
ഷിജുവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ ഇവർ, വനിതാ പോലീസ് ഉദ്യോഗസ്ഥയടക്കമുള്ളവരെ ക്രൂരമായി മർദിച്ചു. സ്റ്റേഷനിലെ വയർലസ് ഉപകരണങ്ങളും കംപ്യൂട്ടറും അടിച്ചുതകർത്ത പ്രതികൾ, സ്റ്റേഷൻ ചുമരിൽ സ്വയം തലയിടിച്ച് മുറിവുണ്ടാക്കുകയും ചെയ്തു.
ആക്രമണത്തിൽ പരിക്കേറ്റ അലോഷ്യസ് എന്ന ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞതായും തലയ്ക്ക് പരിക്കേറ്റ ഷിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. മറ്റ് രണ്ട് പ്രതികളും റിമാൻഡിലാണ്.