സർക്കാരിന് തിരിച്ചടി; കെടിയു വിസിയായി സിസ തോമസിന് തുടരാം
Tuesday, November 29, 2022 6:34 PM IST
കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
ഡോ. സിസ തോമസിന് വിസി സ്ഥാനത്ത് തുടരാമെന്ന് ഉത്തരവിൽ വ്യക്തമാക്കിയ കോടതി, വിസി നിയമനങ്ങളിൽ യുജിസി മാനദണ്ഡങ്ങളാണ് പാലിക്കേണ്ടതെന്ന് അറിയിച്ചു.
ഡിജിറ്റൽ സർവകലാശാല വിസിക്ക് കെടിയുവിന്റെ താൽക്കാലിക ചുമതല നൽകണമെന്ന സർക്കാർ വാദം അംഗീകരിക്കാനാവില്ലെന്നും സർക്കാർ നിർദേശിച്ച ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് വിസി പദവി കൈകാര്യം ചെയ്യാനുള്ള യോഗ്യതയില്ലെന്നും കോടതി അറിയിച്ചു.
വിസി നിയമനത്തിനായി ഡയറകടര്‍ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷനോട് യോഗ്യതയുളളവരുടെ പട്ടിക ഗവർണർ തേടിയിരുന്നവെന്നും സാധ്യമായ വഴികൾ അടഞ്ഞതോടെയാണ് അദേഹം തീരുമാനം എടുത്തതെന്നും കോടതി അറിയിച്ചു.
ഗവർണറുടെ നടപടിയിൽ തെറ്റില്ലെന്ന് പറഞ്ഞ കോടതി, എത്രയും പെട്ടെന്ന് സെലക്ഷൻ സമിതി രൂപീകരിച്ച് സ്ഥിരം വിസിയെ കണ്ടെത്തണമെന്ന് നിർദേശം നൽകി.