മങ്കിപോക്സ് ഇനി "എംപോക്സ്'; പുതിയ പേരുമായി ലോകാരോഗ്യ സംഘടന
Tuesday, November 29, 2022 5:47 AM IST
ജനീവ: വ്യാപനം വർധിച്ചതോടെ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗമാണ് മങ്കിപോക്സ്. എന്നാൽ മങ്കിപോക്സ് എന്ന പേര് വംശീയചുവയുള്ളതാണെന്നും തെറ്റിധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്നും വാദങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ മങ്കിപോക്സ് എംപോക്സ് (mpox) എന്ന പേരിൽ അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യസംഘടന.
ആഗോള വിദഗ്ധരുമായുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് എംപോക്സ് എന്ന് ഉപയോഗിച്ചു തുടങ്ങാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചത്. അടുത്ത ഒരു വർഷത്തേക്ക് ഈ രണ്ട് പേരുകളും ഉപയോഗത്തിലുണ്ടാകും. അതിന് ശേഷം മങ്കിപോക്സ് എന്ന പേര് പൂർണമായും ഒഴിവാക്കുമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജൂലൈയിലാണ് മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.