സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകൾക്ക് അടുത്ത വർഷം തുടക്കമാകും: മന്ത്രി ബിന്ദു
Monday, November 28, 2022 7:33 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യായന വർഷം മുതൽ നാലുവർഷ ബിരുദ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണത്തിനു മുന്നോടിയായ കരിക്കുലം പരിഷ്കരണത്തിന് തുടക്കമായതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിഷ്കരണത്തിനു സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ നിലവിലെ കരിക്കുലം സമഗ്രമായി പരിഷ്കരിക്കണമെന്ന് ശിപാർശ ചെയ്തിരുന്നു. ഇതേത്തുടർന്ന് മാതൃകാ കരിക്കുലം രൂപീകരിക്കാൻ മുഖ്യമന്ത്രിയും നിർദ്ദേശിച്ചു. ഇവയുടെ അടിസ്ഥാനത്തിലാണ് കരിക്കുലം പരിഷ്കരണത്തിനുള്ള രൂപരേഖ തയാറാക്കാൻ നടപടി ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.