ആശ്വസിക്കാം; അർജന്റീനയ്ക്ക് ജയം
Sunday, November 27, 2022 4:57 AM IST
ദോഹ: മിന്നുന്ന പ്രകടനവുമായി ലയണൽ മെസി മുന്നിൽ നിന്ന് നയിച്ചപ്പോൾ നിർണായക മത്സരത്തിൽ മെക്സിക്കോയ്ക്കെതിരെ അര്‍ജന്റീനയ്ക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അർജന്റീനയുടെ ജയം.
വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു അർജന്റീനയുടെ രണ്ട് ഗോളുകളും. മത്സരത്തിന്റെ 64ാം മിനിറ്റിൽ മെസിയുടെ ഗോളിലൂടെ നീലപ്പട ലീഡ് നേടി. 87ാം മിനിറ്റിൽ മെസിയുടെ പാസിൽ 21 വയസുകാരൻ എൻസോ ഫെർണാണ്ടസ് വല കുലുക്കിയതോടെ അർജന്റീന നിർണായക ജയം സ്വന്തമാക്കി.
ജയത്തോടെ അർജന്റീനയുടെ പ്രീക്വാർട്ടർ സാധ്യതകൾ സജീവമായി. പോളണ്ടുമായി ഡിസംബർ ഒന്നിനാണ് ടീമിന്റെ അടുത്ത മത്സരം.