വോട്ടർ പട്ടിക ക്രമക്കേട്: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Saturday, November 26, 2022 1:48 PM IST
ബംഗളൂരു: കർണാടകയിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്താൻ സഹായിച്ച കേസിൽ അന്വേഷണം നേരിടുന്ന രണ്ട് ഉദ്യാഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. അഡീഷണൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ പദവി വഹിക്കുന്ന എസ്. രംഗപ്പ, കെ. ശ്രീനിവാസ് എന്നിവർക്കെതിരെയാണ് കമ്മീഷൻ നടപടി എടുത്തത്.
ബംഗളൂരു നഗരത്തിന് സമീപത്തുള്ള ചിക്ക്പേട്ട്, ശിവാജി നഗർ, മഹാദേവപുര മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിലെ വിവരങ്ങൾ ഒരു എൻജിഒയ്ക്ക് ചോർത്തി നൽകിയെന്ന കേസിലാണ് നടപടി.
വോട്ടർ ഐഡി പുതുക്കാൻ സഹായിക്കാനെത്തിയ സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ ഇവർ കൈക്കലാക്കിയെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. വോട്ടർമാരുടെ വിവരം ശേഖരിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.