"ട്വന്റി-20 പരിശീലകനാകാൻ ദ്രാവിഡിനെക്കാൾ യോഗ്യൻ നെഹ്റ'
Thursday, November 24, 2022 1:00 PM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ട്വന്റി-20 ഫോർമാറ്റിലെ പരിശീലക സ്ഥാനത്തേക്ക് ആശിഷ് നെഹ്റയെ പരിഗണിക്കണമെന്ന വാദമുയർത്തി ഹർഭജൻ സിംഗ്. ലോക ചാന്പ്യന്മാരായ ഇംഗ്ലണ്ടിനെ മാതൃകയാക്കി വ്യത്യസ്ത ഫോർമാറ്റുകളിൽ വ്യത്യസ്ത പരിശീലകരെ ഇന്ത്യ നിയമിക്കണമെന്നും സിംഗ് പറഞ്ഞു.
ദ്രാവിഡിനെ പൂർണമായി ഒഴിവാക്കണമെന്നല്ല അഭിപ്രായമെന്നും ടി-20 ഫോർമാറ്റിൽ നിന്ന് അടുത്തിടെ വിരമിച്ച നെഹ്റയെപ്പോലെയുള്ള ഒരാൾക്ക് കുട്ടി ക്രിക്കറ്റിനെപ്പറ്റി കൂടുതൽ അറിയാമെന്നും മികച്ച മത്സര തന്ത്രങ്ങൾ ഒരുക്കാനാകുമെന്നും "ഭാജി' പറഞ്ഞു. ദ്രാവിഡും നെഹ്റയും ഒരുമിച്ച് ടീമിനെ നയിക്കണമെന്നും ഇത് 2024 ലോകകപ്പിൽ നീലപ്പടയ്ക്ക് ഗുണകരമാകുമെന്നും സിംഗ് അഭിപ്രായപ്പെട്ടു.
ദ്രാവിഡിന് ആവശ്യമായ വിശ്രമം ഉറപ്പാക്കാൻ നെഹ്റയുടെ വരവ് സഹായിക്കുമെന്നും ലോകകപ്പിന് ശേഷം നടന്ന ന്യൂസിലൻഡ് പരന്പര മാതൃകയാക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.